നിപാ വൈറസ് ബാധ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടര്‍ച്ചയായി ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജ് അധികൃതരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നിരാഹാര സമരത്തിലേക്ക് കടക്കാന്‍ സമരസമിതി തീരുമാനിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപാ വൈറസ് ബാധാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരാണിവര്‍. ഇവരുടെ സേവനം പരിഗണിച്ച് സ്ഥിരം ജോലി നല്‍കുമെന്ന വാഗ്ദാനമാണ് അന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നടത്തിയത്. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞതോടെ 42 താത്കാലിക ജീവനക്കാരേയും പിരിച്ചുവിട്ടു. ഇതോടെ ഇവര്‍ സമരത്തിനിറങ്ങി.
ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുള്‍പ്പെടെയുള്ളവര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെയാണ് അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കാന്‍ സമര സമിതി തീരുമാനിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.