45 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് ഭൂമിയിടപാടില്‍ വിചാരണയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് തഹസില്‍ദാരുടെ നോട്ടീസ്. എറണാകൂളം കണയന്നൂര്‍ താലൂക്ക് മുളവുകാട് വില്ലേജിലെ പ്ലമേനയുടെ മകനാണ് മരിച്ച 45 വര്‍ഷത്തിന് ശേഷം നോട്ടീസ് അയച്ചത് . ഒമ്പത് പേര്‍ക്ക് നോട്ടീസയച്ചതില്‍ ആറുപേരും മരിച്ചവരാണ്.
ഗോശ്രീ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് 9 പേര്‍ക്കും നോട്ടീസയച്ചിരിക്കുന്നത്. 1973 ല്‍ പട്ടയ ഉടമയായ പ്ലമേനയുടെ ഇളയമകന്‍ ആയ ജോര്‍ജ്ജിന് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രസ്തുത നോട്ടീസിനു മറുപടി ലഭിച്ചില്ലെന്ന് ഫയലില്‍ രേഖപ്പെടുത്തി പട്ടയം റദ്ദാക്കിയതായി തഹസില്‍ദാര്‍ എം.പി ഭരതന്‍ 2016ല്‍ ഉത്തരവ് ഇറക്കി.
തഹസിൽദാര്‍ പട്ടയം റദ്ദ് ചെയ്ത നടപടി നിയമവിധേയം അല്ല എന്ന് കാട്ടി മരണപ്പെട്ട പ്ലമേനയുടെ മക്കൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി തഹസിൽദാരുടെ പട്ടയം റദ്ദു ചെയ്ത നടപടി നടപടിക്രമം പാലിക്കാതെയുള്ളതാണ് എന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് കണയന്നൂർ തഹസിൽദാർ പുതിയ നോട്ടീസുമായി രംഗത്തു വന്നത്.