India Kerala

ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല, ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്ന് ടിക്കാറാം മീണ

ജാതി-മത സംഘടനകൾ വോട്ടഭ്യർത്ഥിക്കുന്നത് ചട്ടലംഘനമാണെന്ന വാദം ആവർത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണമെന്ന് ടിക്കാറം മീണ പറഞ്ഞു. സമദൂരം ശരിദൂരമാക്കിയ എൻ.എസ്.എസ് നിലപാടിനെയും മീണ വിമർശിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജാതി-മത സംഘടനകൾ ഇടപെടുന്നതിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഉന്നയിച്ചത്.ജാതി-മത സംഘടനകൾ അവരുടെ പരിധി തിരിച്ചറിയണം. ഇത് ജാതി തെരഞ്ഞെടുപ്പല്ല,രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്ന് മീണ വ്യക്തമാക്കി.

ഉപ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കിയ എൻ.എസ്.എസിന്റെ നടപടിയേയും ടിക്കാറാം മീണ കുറ്റപ്പെടുത്തി. എൻ.എസ്.എസ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചത് സംബന്ധിച്ച് പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെനന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.