നിപ ബാധയുടെ ഉറവിടത്തിനായി പരിശോധനകള്‍ തുടരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
എവിടെ നിന്നാണ് വിദ്യാര്‍ഥിക്ക് നിപ ബാധ ഉണ്ടായതെന്ന പരിശോധനയിലാണ് വിവിധ വകുപ്പുകള്‍. മൃഗസംരക്ഷണ വകുപ്പ് തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ പ്രത്യേകം കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. പന്നി ഫാമുകള്‍, വവ്വാലുകള്‍ കൂട്ടത്തോടെ താമസിക്കുന്ന മരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തുന്നുണ്ട്. അസ്വാഭാവികമായി പക്ഷികളോ മൃഗങ്ങളോ ചത്ത് കിടക്കുന്നത് കണ്ടാല്‍ വിവരം നല്കാന് മൃഗസംരക്ഷണ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്ര സംഘത്തിന്റെ കൂടി സഹകരണത്തോടെ നിപ്പ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ നിന്നാവാം വിദ്യാര്‍ഥിക്ക് നിപ പിടിപെട്ടതെന്ന സംശയമായിരുന്നു നേരത്തെ ഉയര്‍ന്നിരുന്നത്. പനിയോട് കൂടിയാണ് വിദ്യാര്‍ഥി തൃശൂരില്‍ എത്തിയതെന്നത് കൊണ്ടാണ് ഈ സംശയം ഉയര്‍ന്നത്.