കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യാപകനെ പിരിച്ചു വിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കേസെടുക്കാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ഈ മാസം രണ്ടിനാണ് സംഭവം. ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയ കുട്ടി ക്ലാസില്‍ കയറാന്‍ അനുവാദം ചോദിച്ചപ്പോള്‍ ക്ലാസിലുണ്ടായിരുന്ന അധ്യാപകനായ ശ്രീനിജന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴുത്തിന് പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി നല്‍കിയ പരാതി സ്കൂളധികൃതര്‍ പൊലീസിന് കൈമാറി. തമിഴ്നാട്ടിലായിരുന്ന പിതാവ് നാട്ടിലെത്തിയതിനു ശേഷം പൊലീസിന് പരാതി നല്‍കി. അനുകൂല നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യാപകനെ പിരിച്ചു വിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ താന്‍ ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അധ്യാപകന്‍ പറഞ്ഞു.