India Kerala

വാഹന രജിസ്ട്രേഷനില്‍ നികുതിവെട്ടിപ്പ് നടത്തിയ വി.ഐ.പികള്‍ക്ക് ബജറ്റില്‍ വന്‍‌ ഇളവ്

പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയവർക്ക് ബജറ്റില്‍ വന്‍ ഓഫര്‍. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകളിൽ ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ മാനദണ്ഡപ്രകാരം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. ബജറ്റില്‍ ഈ നിബന്ധന മാറ്റി.

ഇനി മേൽവിലാസം മാറ്റുന്നതിന് അതാത് സംസ്ഥാനങ്ങളിൽ നിന്ന് എൻ.ഒ.സി എടുത്ത തിയതി മുതലുള്ള നികുതി അടച്ചാൽ മതി. അതായത് അഞ്ച് വർഷം മുൻപ് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഫെബ്രുവരി ഒന്നിനാണ് എൻ.ഒ.സി എടുത്തതെങ്കിൽ അന്ന് മുതലുള്ള നികുതി അടച്ചാൽ മതിയാകും.

ഇതുമായി ബന്ധപ്പെട്ട എല്ലാ പിഴകളും ഒഴിവാക്കുകയും ചെയ്യും. ഫലത്തിൽ ആഢംബര വാഹനങ്ങൾക്ക് വലിയ നികുതിയിളവും അതുവഴി സംസ്ഥാനത്തിന് വരുമാന നഷ്ടവും. നേരത്തെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയതിന് സുരേഷ് ഗോപി എംപി, ഫഹദ് ഫാസില്‍, അമലാപോള്‍ തുടങ്ങിയവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു.

ഇപ്പോൾ കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്കും കേസുകെട്ടുമായി കോടതി കയറുന്ന വി.ഐ.പികൾക്കും ബജറ്റ് പ്രഖ്യാപനത്തിലൂടെ ആനുകൂല്യം ലഭിക്കും. സാധാരണക്കാരായ ഓട്ടോറിക്ഷക്കാർക്കുള്ള നികുതിയിലെ റിബേറ്റ് ആനുകൂല്യം എടുത്തുകളയുമ്പോഴാണ് നികുതി വെട്ടിപ്പ് നടത്തിയവർക്ക് ഓഫര്‍. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് മോട്ടോർ വാഹനവകുപ്പ് നികുതി തട്ടിപ്പ് അന്വേഷിച്ചത്. ബജറ്റ് പ്രഖ്യാപനത്തോടെ ഈ നടപടികള്‍ കൂടിയാണ് ഫലശൂന്യമാകുന്നത്.