Kerala

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്.

അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂർ കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് മുന്നോട്ട് പോയത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന് താമിർ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.