താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മോഹൻലാൽ. വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത് എന്ന് മോഹൻലാൽ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ഇതിനിടെ പൊലീസിനെ തെറ്റിധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിക്കുന്നുണ്ട്. ബോട്ടുടമയായ നാസറിൻ്റെ ഫോൺ സഹോദരൻ്റ കൈയിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഫോൺ കൈമാറിയ ശേഷം നാസർ ഒളിവിൽ തന്നെ തുടരുകയാണ്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്ന് വ്യക്തമായി. ഇവർ അഭിഭാഷകരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു. വരും നിമിഷങ്ങളിൽ തന്നെ നാസർ പിടിയിലായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കീഴടങ്ങുന്നതിന് മുമ്പുതന്നെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് അറ്റ്ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.