Kerala

തൂവല്‍തീരത്ത് നിന്ന് അന്ന് മടങ്ങിയത് ബോട്ടില്‍ കയറാതെ; അനുഭവം പറഞ്ഞ് ഷറഫുദ്ദീന്‍

മലപ്പുറം താനൂര്‍ ബോട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയതാണെന്ന് പരപ്പനാങ്ങാടി സ്വദേശി ഷറഫുദ്ദീന്‍. ഒരാഴ്ച മുന്‍പാണ് ഷറഫുദ്ദീനും കുടുംബവും തൂവര്‍തീരം ബീച്ചില്‍ വിനോദയാത്രയ്ക്ക് പോയത്. അന്ന് ബോട്ട് യാത്രയ്ക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും ആ തീരുമാനം മാറ്റുകയായിരുന്നു.

അപകട സാധ്യത മുന്നില്‍ക്കണ്ട് അന്ന് യാത്രയില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് ഷറഫുദ്ദീന്‍ 24നോട് പറഞ്ഞു. ‘അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടില്‍ ഒരിക്കലും അത്രയും ആളുകള്‍ക്ക് കയറാന്‍ ആകില്ല. മത്സ്യബന്ധന ബോട്ടിന്റെ ഘടനയാണതിന്. സ്വാഭാവികമായും അധികം ആളുകള്‍ കയറുമ്പോള്‍ ബോട്ട് മറിയും. ഇക്കാരണത്താല്‍ അന്നത്തെ യാത്രയില്‍ പത്തോളം പേര്‍ക്ക് മാത്രം കയറാവുന്ന മറ്റൊരു ചെറിയ ബോട്ടിലാണ് തങ്ങള്‍ കയറിയത്. ആ ദിവസവും നാല്പതിലധികം ആളുകളെ ബോട്ടില്‍ കയറ്റിയിരുന്നെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. മൊത്തം 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയായിരുന്നു. ബോട്ടിന് ലൈസന്‍സില്ലാത്തതുള്‍പ്പെടെ വലിയ നിയമലംഘനങ്ങളാണ് താനൂരില്‍ നടന്നത്.

അതേസമയം സംഭവത്തില്‍ അറ്റ്‌ലാന്റിക് ബോട്ടുടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇന്നലെ പിടിയിലായത്. ഇയാളുടെ ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍ തുടരുകയാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.