India Kerala

‘മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു’ മലപ്പുറത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

കനത്ത മഴയെയും കോവിഡിനെയും തോല്‍പ്പിച്ച് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തം നടത്തിയ മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ തെല്ലും മടിക്കാതെ സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു എയര്‍ ഇന്ത്യയുടെ പരാമര്‍ശം.

മലപ്പുറത്തെ ജനതയുടെ മാനവികതയെയും മനുഷ്യത്വത്തിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ അഭിനന്ദനവും കടപ്പാടും അറിയിച്ചത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണരൂപം

നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു. അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ദയയും മനുഷ്യത്വവും കാണിച്ച മലപ്പുറത്തെ ജനതയ്ക്ക് ഞങ്ങളുടെ ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ കാട്ടിയത് മനോബലം മാത്രമല്ല, ജീവന്‍ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശം കൂടിയാണ്. സ്വന്തം ജീവന്‍ പണയം വെച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു.

നേരത്തെ ദുരന്തസ്ഥലത്ത് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രവും വാര്‍ത്ത കൊടുത്തിരുന്നു. ‘അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു’ എന്ന തലക്കെട്ടിലാണ് ദ ടെലഗ്രാഫ് പത്രത്തില്‍ വാര്‍ത്ത ഉള്‍പ്പെടുത്തിയിരുന്നത്.