Kerala

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി ടി. അസഫലി

ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ലെന്ന് മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ടി. അസഫലി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കോടതിയലക്ഷ്യമാണ്. പ്രതിയെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള വിധി പറയലാണ് ശ്രീലേഖ നടത്തിയിരിക്കുന്നത് എന്നും ടി. അസഫലി പറഞ്ഞു.

കേരള പൊലീസിന്റെ ഉന്നത തലപ്പത്തിരുന്ന ഒരുദ്യോഗസ്ഥയായിരുന്നു അവര്‍. അങ്ങനെയുള്ള ശ്രീലേഖയുടെ കയ്യില്‍ ഇത്രയും വിവരങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഇത്രകാലം മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ടി.അസഫലി പറഞ്ഞു.

അതേസമയം ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്തെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിന്‍സണ്‍ പ്രതികരിച്ചു. കേസില്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ വ്യക്തമായ തെളിവുണ്ട്. സുനി പറഞ്ഞ് കൊടുത്ത് വിപിന്‍ ലാല്‍ കത്ത് തയ്യാറാക്കിയതും ചെരുപ്പില്‍ ജയിലിലേക്ക് ഫോണ്‍ കടത്തിയതും കോടതിക്ക് പോലും ബോധ്യപ്പെട്ട കാര്യമാണ്. വമ്പന്‍മാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് ശ്രീലേഖയുടെ ആരോപണമെന്നും ജിന്‍സണ്‍ പറഞ്ഞു.

ദിലീപിന് നടിയെ ആക്രമിച്ചതില്‍ പങ്കുണ്ടെന്ന കാര്യം താന്‍ നേരിട്ട് മനസിലാക്കിയതാണെന്നായിരുന്നു ജിന്‍സന്റെ പ്രതികരണം. ചെരുപ്പില്‍ ഫോണ്‍ കടത്തിയത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പള്‍സര്‍ സുനി ഒപ്പമിരുന്ന് വിപിന്‍ ലാലിന് കത്തെഴുതാന്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന് സാക്ഷിയാണ് താന്‍. ഇക്കാര്യങ്ങള്‍ കോടതിക്ക് മുമ്പാകെ വന്നതാണെന്നും ജിന്‍സണ്‍ പറഞ്ഞു.