Kerala

സിറോ മലബാര്‍സഭ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബഫര്‍സോണ്‍ വിഷയത്തിലുള്‍പ്പെടെ ചര്‍ച്ച

സിറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ബഫര്‍സോണ്‍, കുര്‍ബാന പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം കാക്കനാടാണ് നടക്കുക.

ഭൂമി വില്‍പ്പന വിവാദവും കുര്‍ബാന പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്റെ രണ്ടാംപാദ സമ്മേളനം നടക്കുന്നത്. 61 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട. ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ചര്‍ച്ചയാകും. വിവിധ വിഷയങ്ങളില്‍ അതിരൂപത സംരക്ഷണ സമിതി സിനഡിന് നല്‍കിയ നിവേദനവും പരിശോധിക്കും.

അതേസമയം സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. കേസിലെ കക്ഷി ചേരാനായി നല്‍കിയ ഹര്‍ജികളും ഇന്ന് പരിഗണിക്കും.