കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവിനെ ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സമവായ നീക്കങ്ങൾ മുൻപോട്ടു വച്ച സഭാനേതൃത്വത്തെ തള്ളി വിമതപക്ഷം പ്രതിഷേധങ്ങൾ തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനിടെ ഭൂമി വിൽപ്പന സംബന്ധിച്ച് കർദിനാൾ ആലഞ്ചേരിക്ക് എതിരായ ഹരജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും.
ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവ് അംഗീകരിക്കില്ലെന്ന വിമതപക്ഷത്തിന്റെ നിലപാട് തുടരുന്നതാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ രൂക്ഷമാകുന്നത്. സഭാ നേതൃത്വം മുൻപോട്ടു വച്ച സമവായ നീക്കങ്ങളോട് മുൻ അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്തും സഹായമെത്രാൻമാരും സഹകരിക്കാത്തതാണ് വിമത പക്ഷത്തിന് കരുത്തേകുന്നത്. ഭൂമി വിവാദത്തിനുമേലുള്ള വത്തിക്കാൻ ഉത്തരവ് പുനപരിശോധിക്കണമെന്നും സഹായമെത്രാൻമാരെ തിരിച്ചെടുക്കണമെതുമാണ് വിമതപക്ഷം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.
വിവാദങ്ങൾ സംബന്ധിച്ച അന്വേഷണ ഉത്തരവ് വരാനിരിക്കുന്നതേയുള്ളൂവെന്നാന്ന് വത്തിക്കാനിൽ നിന്നും മടങ്ങിയെത്തിയ ബിഷപ് ജേക്കബ് മനത്തോടത്ത് ഇന്നലെയും ആവർത്തിച്ചത്. ഇതിന് പിന്നാലെ കർദിനാളിനെതിരെ പ്രതിഷേധങ്ങൾ ശക്തമാക്കാൻ തീരുമാനിച്ച അൽമായരുടെ നീക്കങ്ങളും സഭാനേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട് . എന്നാൽ മാർ ജേക്കബ് മനത്തോടത്തിന്റെ പ്രസ്താവനകളിൽ ദുരൂഹതയുണ്ടന്നും സഭാനേതൃത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രവണതകൾ അനുചിതമാണെന്നുമാണ് കർദിനാൾ അനുകൂലികളുടെ വാദം.
അതിനിടെ ആലഞ്ചേരിക്കെതിരായ എറണാകുളം കോട്ടപ്പടിയിലെ ഭൂമി വിൽപ്പന സംബന്ധിച്ച കേസ് മൂവാറ്റുപ്പുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കുന്നതിന്റെ ആശ്വാസത്തിലാണ് വിമത പക്ഷം . കേസിൽ കർദ്ദിനാളിന് തിരിച്ചടി നേരിട്ടാൽ ഓഗസ്റ്റിൽ ചേരാനിരിക്കുന്ന സിനഡിന് മുൻപ് തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമെന്ന പ്രതീക്ഷയോടെയാണ് വിമത പക്ഷം മുന്നോട്ട് നീങ്ങുന്നത്.