സഭാ തീരുമാനത്തെ എതിർത്ത വൈദികനെ കുറ്റവിചാരണ ചെയ്യാൻ മതകോടതി രൂപീകരിച്ച് താമരശേരി രൂപത. ഫാദർ അജി പുതിയപറമ്പിലിന് എതിരായ നടപടികൾക്കാണ് സഭാകോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്. സ്വഭാവിക നടപടിയെന്നായിരുന്നു ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ പ്രതികരണം. സഭയുടേത് വിചിത്രമായ തീരുമാനമെന്ന് നടപടി നേരിടുന്ന വൈദികൻ 24 നോട് പറഞ്ഞു.
സ്ഥലംമാറ്റ ഉത്തരവ് അംഗീകരിച്ചില്ല, സിനഡ് തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഫാദർ അജി പുതിയപറമ്പിലിനെ വിചാരണ ചെയ്യാനുള്ള താമരശേരി രൂപതയുടെ തീരുമാനം. കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതായി അറിയിച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ ആണ് ഉത്തരവിറക്കിയത്. ഫാ. ജോർജ് മുണ്ടനാട്ടാണ് വിചാരണക്കോടതി അധ്യക്ഷൻ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് വിചാരണ കോടതി സ്ഥാപിച്ചതെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ 24 നോട് പറഞ്ഞു.
സഭയിലെ ജീർണതകൾക്കെതിരെ സംസാരിച്ചിരുന്നെങ്കിലും ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നില്ലെന്നായിരുന്നു ഫാദർ അജി പുതിയ പറമ്പിൽ പ്രതികരണം. വിചാരണ നേരിട്ട് , തനിക്ക് പറയാനുള്ളത് പറയുമെന്നും വൈദികൻ 24 നോട് പറഞ്ഞു.
വിചാരണ നേരിടുമെന്ന് അറിയിക്കുമ്പോഴും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വൈദികൻ. അതേസമയം, വൈദികനെ കൂടി കേട്ട ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് രൂപതയുടെ തീരുമാനം.