Kerala

ഗൂഢാലോചനാ കേസ്; സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം.

തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി. അന്വേഷണ സംഘം പിന്നീട് കൂടുതല്‍ വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.