തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് ജയിൽ മോചനം.
എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ജാമ്യ വ്യവസ്ഥയുടെ നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. നേരത്തെ കസ്റ്റംസ് , ഇഡി കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിയ്ക്കുകയും കൊഫേപോസ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ജാമ്യം നിഷേധിച്ച എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യു. എ.പി.എ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികളുടെ വാദം. പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻ.ഐ.എയും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതികളുടെ വാദം അംഗീകരിച്ചുകൊണ്ട് കോടി സ്വപ്‌നയുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.