Kerala

സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പ്രധാന കണ്ണികളെ പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ; സ്വപ്നയുടെ ബാഗില്‍ നിന്ന് 51 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ റസിപ്റ്റ് കണ്ടെടുത്തു

8034 യു.എസ് ഡോളറും 701 ഒമാന്‍ റിയാലുമാണ് ബാഗില്‍ നിന്ന് കണ്ടെടുത്തത്

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ടെന്ന് എന്‍.ഐ.എ. സ്വപ്നയ്ക്കും സരിത്തിനും ഉന്നതരുമായി ബന്ധമുണ്ടെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും സ്വര്‍ണം പിടിച്ചതുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്നും സ്വപ്നയാണ് കസ്റ്റ്സ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസ് ഡയറി എന്‍.ഐ.എ കോടതിക്ക് കൈമാറി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണികളെ ഇനിയും പിടികൂടാനുണ്ടെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുമെന്നും എന്‍.ഐ.എ.

സ്വപ്നയ്ക്കും സരിത്തും ഉന്നതരുമായി അടുത്ത ബന്ധമുണ്ടന്നും സ്വര്‍ണം വിമാനത്താവളത്തിലെത്തുമ്പോള്‍ റമീസ് തിരുവന്തപുരത്തുണ്ടായിരുന്നുവെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ഫൈസലിന് പുറമേ യു.എ.ഇയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വപ്നയുടെ ബാഗില്‍ നിന്ന് 51 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ റസിപ്റ്റ് കണ്ടെടുത്തു. കൂടാതെ 8034 യു എസ് ഡോളറും 701 ഒമാന്‍ റിയാലും ബാഗില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്നുള്‍പ്പടെ രണ്ട് കോടിയിലേറെ പണം പിടിച്ചെടുത്തു. ഇതുവരെയും സ്വപ്ന ഇന്‍കം ടാക്സ് അടച്ചിട്ടില്ലെന്നും എന്‍.ഐ.എ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു എന്‍.ഐ.എയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസി. സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി വാദം നടത്തിയത്. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്.

സാമ്പത്തിക സുരക്ഷയുടെ പരിധിയിൽ ഭക്ഷ്യ സുരക്ഷ വരെ ഉൾപെടുമെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു എ.എസ്.ജിയുടെ ആദ്യവാദം. പ്രതികള്‍ കോവിഡിൻ്റെ മറവിൽ സ്വർണം കൂടുതൽ എത്തിക്കാൻ നോക്കിയെന്നും വലിയ അളവിൽ സ്വർണം എത്തിച്ചു നയതന്ത്ര ചാനൽ ഉപയോഗിച്ചു രാജ്യത്തേക്ക് കടത്തിയെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇതൊരു നികുതി വെട്ടിപ്പ് കേസല്ലേ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയത്. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ സ്വര്‍ണ കടത്തെന്നായിരുന്നു എ.എസ്.ജിയുടെ മറുപടി. സ്വര്‍ണ കടത്തില്‍ അന്വേഷണം നിർബന്ധമാണെന്നതില്‍ സംശയമില്ലെന്ന് കോടതി സൂചിപ്പിച്ചു. എന്നാല്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതില്‍ യു.എ.പി.എ 16, 17, 18 വകുപ്പ് നിലനിൽക്കുമെന്ന് എ.എസ്.ജി അറിയിച്ചു. കാരണം ഭീകരപ്രവര്‍ത്തനത്തിന് പണം ചിലവഴിക്കുന്നത് യു.എ.പി.എയുടെ പരിധിയില്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനിടെ ഇന്ന് സ്വർണ കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഷഫീഖ്, ഷറഫുദ്ധിൻ എന്നിവരാണ് അറസ്റ്റിലായത്.