Kerala

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്; മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടു

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്.

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചുവിട്ടു. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്ന സുരേഷ്. ഇവർ യു.എ.ഇ കോൺസുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ. സരിത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നത്. ഒരു ഇടപാടിൽ ഇവർക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം.

നേരത്തെ പലതവണ ഇത്തരത്തിൽ ഇരുവരും ചേർന്ന് സ്വർണം കടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.