Kerala

ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. പാലക്കാട് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് പരിഗണിക്കും.

സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജൂൺ ഏഴിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വപ്ന നൽകിയ മൊഴിയിൽ തന്നെ കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതേ ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു.

ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. തൃശൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിൻ്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തിട്ടുണ്ട്. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇരുവരും രാജിവച്ചിരുന്നു.

സ്വപ്ന സുരേഷിനെതിരെ കെടി ജലീൽ നൽകിയ ഗൂഢാലോചനക്കേസിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. എച്ച്ആർഡിഎസിൻ്റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ വിജിലൻസ് പിടികൂടിയതിനു തൊട്ടുപിന്നാലെ രാജിവെക്കാനുള്ള പശ്ചാത്തലമെന്താണെന്നായിരുന്നു ചോദ്യം. സ്വപ്നയുടെ സന്ദർശനകർ ആരൊക്കെ, ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യങ്ങൾ സഹായിയോട് ചോദിച്ചപ്പോൾ ഈ ദിവസങ്ങളിൽ സരിത്തും സ്വപ്നയും എവിടെയൊക്കെ യാത്ര ചെയ്തു എന്ന് ഡ്രൈവറോട് ചോദിച്ചു. എന്നാൽ, ചോദ്യം ചെയ്തെന്ന വാർത്ത ഇരുവരും നിഷേധിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചയ്ക്ക് താൻ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകണമെന്നും സ്വപ്‌ന പറയുന്നു. തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേർത്തു.