Kerala

തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകി; ഡിപ്പോ എഞ്ചീനിയർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോ എഞ്ചീനിയർ സന്തോഷ് സി എസിന് സസ്‌പെൻഷൻ. തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകിയതിനാണ് സസ്പെൻഷൻ. ചെയിൻ സർവീസിനായി നൽകിയ ബസുകളുടെ മേൽക്കൂരയിൽ നിന്ന് വെള്ളം ഇറങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനായി നൽകിയ ബസുകളുടെ മേൽക്കൂരയാണ് ചോർന്നത്.

ശബരിമല സ്പെഷ്യൽ സർവീസ് നടത്താനായി അനുയോജ്യമായ ബസുകൾ നൽകുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ബസുകളുടെ മേൽക്കൂര ചോർന്ന് വെള്ളം ഒലിക്കുന്ന വിഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടർന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്പെൻഡ് ചെയ്തത്. റിസർവ് പൂളിൽ ആയിരത്തോളം കണ്ടീഷൻ ഉള്ള ബസുകൾ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകൾ പരിശോധിക്കാതെ സർവീസിനായി നൽകുന്നത്. ഇത് പതിവ് സംഭവമായി മാറിയതോടെയാണ് നടപടി സ്വീകരിച്ചതെന്നും കെഎസ്ആർടിസി വ്യക്തമാക്കി.