India Kerala

എറണാകുളത്ത് മികച്ച വിജയമുണ്ടാകുമെന്ന് യു.ഡി.എഫ് വിലയിരുത്തല്‍

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മികച്ച വിജയമുണ്ടാവുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വിലയിരുത്തല്‍. വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ ബാധിക്കിലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു.

യു.ഡി.എഫ് കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന എറണാകുളം മണ്ഡലം ഇത്തവണയും നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. പോളിങ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. അതേ സമയം വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ് ആരോപണമുന്നയിക്കുന്നുണ്ട്. ഇതുമൂലം ചില പ്രവര്‍ത്തകര്‍ക്ക് വേട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ ബാധിക്കിലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ശക്തമായ മത്സരമാണുണ്ടായതെന്നാണ് പൊതുവിലയിരുത്തല്‍. മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഇടത്പക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച പി. രാജീവ്. രാജ്യസഭയിലെ രാജീവിന്റെ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയോ എന്ന ആശങ്കയും യു.ഡി.എഫ് ക്യാമ്പിൽ നിലനില്‍ക്കുന്നുണ്ട്.