HEAD LINES Kerala

പ്രകടിപ്പിച്ചത് പിതൃ വാത്സല്യമെന്ന് സുരേഷ് ഗോപി; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകയും മാധ്യമ സ്ഥാപനവും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാധ്യമ പ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.(suresh gopi woman journalist issue)

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു.അതേസമയം സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.

എന്നാൽ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് സുരേഷ് ഗോപി മാപ്പ് പറഞ്ഞു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.