അന്തരിച്ച ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി. തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന പി.വി ഗംഗാധരൻ. ആ കുടുംബവുമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. ( suresh gopi about pv gangadharan demise )
‘എന്റെ അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. ഗംഗേട്ടൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. പണമുള്ള ഒരു പാട് നിർമാതാക്കൾ നമുക്കുണ്ട്. പക്ഷേ ഡയറക്ടർക്കും, എഴുത്തുകാർക്കും പൂർണ സ്വാതന്ത്ര്യം നൽകുന്ന ചുരുക്കം നിർമാതാക്കളേയുള്ളു. സിനിമയുടെ പുരോഗതിക്ക് വേണ്ടി ഒരുപാട് സംഭാവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. വേദനയോടെ മാത്രമേ അദ്ദേഹത്തെ ഇപ്പോൾ ഓർക്കാൻ സാധിക്കൂ. അവരുടെ 50-ാം വർഷത്തെ സിനിമ എന്ന് പറഞ്ഞ് പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു’- സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.