സ്വിറ്റ്സർലണ്ടിലെ ഹൃദയഭാഗമായ സൂറിച്ചിലെ കേരളാ ഹോട്ടലിൻ്റെ ഉടമ മലയാളിയായ സുരാജ് ആണ് .എറണാകുളം ജില്ലയിലെ എടവനക്കാട് കോച്ചേരി കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ മകനായ സുരാജ് സുഹൃത്തുക്കളുടെ കുട്ടനാണ്.
കെ പി എം ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെങ്ങന്നൂർ ഐ ടി ഐ യിൽ നിന്ന് വെൽഡിംഗ് ട്രേഡിൽ സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വിറ്റ്സർലണ്ടിലേക്ക്. സഹോദരിമാർ അവിടെ ജോലിയിൽ ഉണ്ടായിരുന്നതാണ് അതിന് നിമിത്തമായത്. പിന്നീട് ഇസ്രായേലിലേക്ക് . അവിടെ രണ്ടുവർഷക്കാലം കാർഷികരംഗത്ത് ജോലിയും പഠനവും.
ഗജറാത്തിലെ അമുൽ എന്ന സഹകരണ സ്ഥാപനത്തേയും, അതിൻ്റെ അമരക്കാരനായ ഡോ.വർഗ്ഗീസ് കുര്യനേയും മനസ്സിൽ ആരാധിച്ചിരുന്നയാളാണ് സുരാജ്. ഇസ്രായേലിൽ നിന്ന് സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തിയ ശേഷം ഡയറി ടെക്നോളജി പഠിച്ചു. തുടർന്ന് ആ രംഗത്തു തന്നെ ദീർഘകാലം പ്രവർത്തിച്ചു.ഇരുപത്തിരണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ ഹോട്ടലിൽ മുഴുവൻ സമയം ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ.
കുട്ടൻ്റെ ഹോട്ടലിൽ അതിഥികളായി എത്തുന്ന ഇന്ത്യയിലെ ബിസിനസ്, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖർ ഏറെയാണ്. നമ്മുടെ പ്രിയങ്കരരായ എം ടി വാസുദേവൻ നായർ, സേതു ,സക്കറിയ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവരൊക്കെ കുട്ടൻ്റെ ആതിഥേയത്വം അറിഞ്ഞിട്ടുള്ളവരാണ്.
എം ടി കുട്ടനോടൊപ്പം ഏതാനും ദിവസങ്ങൾ താമസിച്ചു. സേതു മനോരമയിൽ കുട്ടൻ്റെ ഹോട്ടലിൽ ഒരു സായാഹ്നം എന്ന പേരിൽ ഒരു ലേഖനം എഴുതുകയുണ്ടായി. സൂര്യ കൃഷ്ണമൂർത്തിയുടെ മുറിവുകൾ എന്ന പുസ്തകത്തിൻ്റെ അവതാരികയിൽ എം ടി കുട്ടനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
നാട്ടിൽ വരുമ്പോൾ താമസിക്കാനായി ചൊവ്വരയിൽ ഒരു വീടുണ്ട്. നാട്ടിലെത്തുമ്പോൾ സൗഹൃദം പുതുക്കുന്നതിന് പല പ്രമുഖരും ഇവിടേക്ക് എത്തിച്ചേരുന്നു.സാധാരണ കുടുംബത്തിൽ ജനിച്ച് പരിശ്രമത്തിലൂടെ ഉന്നതങ്ങളിലേക്ക് ചവിട്ടുപടികൾ കയറി പോകാൻ കഴിഞ്ഞത് ദൈവനിയോഗം ആണെന്ന് സുരാജ് കരുതുന്നു. യൂറോപ്പിൻ്റെ മാസ്മരികതകളിൽ കണ്ണു മങ്ങാതെ തനി കേരളീയ ആയി ജീവിക്കാൻ ശ്രമിക്കുകയാണ്.
അറുപത്തഞ്ചു വയസ്സു തികഞ്ഞതോടെ പെൻഷനറായി മാറി.പാചകത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നമ്മുടെ ഇറച്ചി കറിയും മീൻ കറിയുമൊക്കെ നന്നായി പാചകം ചെയ്യാൻ കുട്ടന് നല്ല സാമർത്ഥ്യമാണ്. ചില പാചക വീഡിയോകൾ സോഷ്യൽമീഡിയയിലും പ്രചരിക്കുന്നുണ്ട്.
മുഴുവൻ കാലവും കേരളത്തിൽ താമസിക്കാനാകില്ലെങ്കിലും നാട്ടിൽ വന്ന് പരമാവധി സമയം ചിലവഴിക്കാനാണ് ഇപ്പോഴത്തെ ആഗ്രഹം. നാൽപ്പത്തിരണ്ടു വർഷമായി സ്വിറ്റ്സർലൻറിൽ താമസിക്കുകയാണെങ്കിലും നാട്ടിലെ പള്ളത്താംകുളങ്ങര അമ്പല വെളിയിൽ സുഹൃത്തുക്കളോടൊപ്പം കൂടിയിരുന്ന ആ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുകയാണ് ഇപ്പോഴും. അന്നത്തെ എല്ലാ വിഷമങ്ങൾക്കും പ്രയാസങ്ങൾക്കും ആശ്വാസമായിരുന്നു അമ്പലപ്പറമ്പും അന്തരീക്ഷവും എന്ന് ഗൃഹാതുരതയോടെ ഓർമ്മിക്കുകയാണ് സുരാജ് .
സ്വിസ് കാരിയായ ഫ്രെനിയാണ് ഭാര്യ
മകൾ – കാർത്തിക, മകൻ – കൃഷ്ണേന്ദു
പേരക്കുട്ടികൾ -ഗ്രിഗോറി കിരൺ( ചന്ദു), മയ്റ(സുഭദ്ര), ഇന്ദിര ദേവി (ശ്രീദേവി ),യാരോ നവീൻ (ഉണ്ണികൃഷ്ണൻ ).
(കടപ്പാട് – വ്യക്തിമുദ്രകൾ – ശ്രീ വി ആർ നോയൽ രാജ്)
—————————————
അടുപ്പും വെപ്പും വ്‌ളോഗിലൂടെ പബ്ലിഷ് ചെയ്ത കുട്ടന്റെ ഏതാനും പാചക വീഡിയോകൾ