India Kerala

ശബരിമല സ്ത്രീ പ്രവേശനം: ഹരജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

ശബരിമല പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി ഈ മാസം 22ന് പരിഗണിക്കില്ല. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പോയതാണ് കാരണം. കേസ് മാറ്റിയതിൽ ആശങ്ക ഇല്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമല കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 22ന് പരിഗണിക്കുമ്പോള്‍ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന അപേക്ഷ അഭിഭാഷകനായ മാത്യു നെടുമ്പാറ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍‌ പെടുത്തുകയായിരുന്നു. അപ്പോഴാണ് ഈ കേസ് 22ന് പരിഗണിക്കും എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പറഞ്ഞത്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ഇന്ദുമല്‍ഹോത്ര മെഡിക്കൽ അവധിയിലായതാണ് കാരണം.

കേസ് നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് മാറ്റുന്നതില്‍ ആശങ്കയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ പ്രതികരിച്ചു. ശബരിമല വിധിക്കെതിരെ 50ലധികം പുനപരിശോധന ഹരജികളും നാല് റിട്ട് ഹർജികളുമാണ് സുപ്രീംകോടതിയിലുള്ളത്.