India Kerala

കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ആദ്യം ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയതായി കേരളം; ഹര്‍ജി മാര്‍ച്ച് ആറിന് പരിഗണിക്കും

കടമെടുപ്പിന് പരിധി നിശ്ചയിച്ചതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി അടുത്ത മാസം ആറിലേക്ക് മാറ്റി. മാര്‍ച്ച് ആറിന് വാദങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മാര്‍ച്ച് ഏഴിനും കേസ് കേള്‍ക്കും. കേരളത്തിന്റെ വാദങ്ങള്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്നതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

അര്‍ഹതയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ ഹര്‍ജിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. കേസ് നല്‍കുക അതിന് ശേഷം ചര്‍ച്ച നടത്തുക എന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. കേസും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ചര്‍ച്ചയ്ക്കായി തുറന്ന മനസോടെയാണ് കേന്ദ്രത്തിന് മുന്നിലെത്തിയതെന്നാണ് കേരളത്തിന്റെ നിലപാട്. എന്നാല്‍ ചര്‍ച്ചയുടെ ഘട്ടത്തില്‍ ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് കേരളം ചെയ്തത്. ഹര്‍ജി പിന്‍വലിച്ചാല്‍ 13,600 കോടി വായ്പയെടുക്കാന്‍ അനുവദിക്കുമെന്നാണ് കേന്ദ്രം പറഞ്ഞതെന്ന് കേരളം പറയുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ചര്‍ച്ച പ്രസക്തമാണെന്ന് കരുതാത്തതിനാലാണ് ഹര്‍ജിയുമായി മുന്നോട്ടു പോയതെന്നും സംസ്ഥാനം വ്യക്തമാക്കി.