Kerala

ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത്

മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു.

വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ലാവ്ലിൻ കേസ് പരിഗണിച്ച് തുടങ്ങിയപ്പോൾ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റ൪ ജനറൽ തുഷാ൪മേത്തയാണ് ഹാജരായത്. നിലവിലുള്ള ആവശ്യത്തിനുള്ള രേഖകൾ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് കോടതി ആരാഞ്ഞു. രേഖകൾ ഒന്നിച്ചാക്കണമെന്നും വിശദമായ നോട്ട് നൽകാനുണ്ടെന്നും സി.ബി.ഐ മറുപടി പറഞ്ഞു. ഈ സമയത്താണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകിയത്.

രണ്ട് കീഴ് ടതികൾ കുറ്റവിമുക്തമാക്കിയ കേസാണിത്. മതിയായ രേഖകൾ സമയത്ത് നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് ജസ്റ്റിസ് യു.യു ലളിത് മുന്നറിയിപ്പ് നൽകി. സി.ബി.ഐക്ക് കൂടുതൽ സമയം അനുവദിച്ച കോടതി ഈ മാസം പതിനാറിന് വീണ്ടും ഹരജി പരിഗണിക്കുമെന്ന് വ്യക്തമാക്കി.

പിണറായി വിജയന് വേണ്ടി മുതി൪ന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായിരുന്നത്. ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ലാവ്ലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമാക്കിയ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ അടക്കം സമ൪പ്പിച്ച ഹരജികൾ പരിഗണിച്ചിരുന്നത്.