India Kerala

ശബരിമല; വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനഃക്രമീകരിക്കാൻ സുപ്രീം കോടതി നിർദേശം

ശബരിമല യുവതീ പ്രവേശനമുള്‍പ്പെടെ വിശാല ബെഞ്ചിനു വിട്ട വിഷയങ്ങൾ പുനക്രമീകരിക്കാൻ അഭിഭാഷകരുടെയും കക്ഷികളുടെയും യോഗം വിളിക്കാൻ സുപ്രീം കോടതി നിർദേശം. ഇതിനായി മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‍വി, ഇന്ദിര ജെയ്സിങ് എന്നിവരെ കോടതി ചുമതലപ്പെടുത്തി. 9 അംഗ ബഞ്ചിന്റെ പരിഗണന വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയവും കോടതി അനുവദിച്ചു.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് മുന്നോട്ടുവെച്ച ചോദ്യങ്ങൾ പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ‌അഭിഭാഷകരുടെ യോഗം വിളിക്കാൻ കോടതി നിർദേശിച്ചത്. സുപ്രീംകോടതി സെക്രട്ടറി ജനറൽ പങ്കെടുക്കുന്ന യോഗം ജനുവരി 17ന് ചേരും. വിഷയങ്ങൾ പുനക്രമീകരിക്കുന്നതിന് പുറമെ അഭിഭാഷകർ ഏതൊക്കെ വിഷയങ്ങളിൽ വാദിക്കണമെന്നും എത്ര സമയം അനുവദിക്കണമെന്നതുമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.

ഇക്കാര്യങ്ങളിൽ മൂന്നാഴ്ചക്കകം അന്തിമ രൂപം നൽകണം. അതിന് ശേഷമായിരിക്കും 9 അംഗ ഭരണഘടന ബഞ്ച് വിഷയത്തിൽ വാദം കേൾക്കുക. ശബരിമല യുവതിപ്രവേശം, ദാവൂദി ബോറ സ്ത്രീ ചേലാകർമ്മം പാഴ്സി സ്ത്രീകളുടെ ആരാധനാലയ പ്രവേശം എന്നിവയടക്കമുള്ള നിയമപ്രശ്നങ്ങളിൽ കോടതി ഘട്ടംഘട്ടമായി വാദം കേൾക്കും. അതേസമയം ബഹുഭാര്യത്വം അടക്കമുള്ള ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ബഞ്ച് പരിഗണിക്കില്ലെന്നും സി.ജെ.ഐ വ്യക്തമാക്കി.