Kerala

ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതിൽ വിലക്കിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. 

കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് നിലപാടെടുത്തു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് പ്രതി ദിലീപ് പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവൻ, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ കോടതി മഞ്ജു ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നതിന് അനുമതി നൽകുകയായിരുന്നു.

അതേസമയം, വിചാരണ 30 ദിവസ്സത്തിനകം പൂർത്തിയാക്കാമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം വൈകിക്കുന്നത് പ്രതിഭാഗമാണന്ന് സംസ്ഥാനം ആരോപിച്ചു. വിചാരണ വൈകിക്കുന്നത് ഉചിതമല്ലെന്ന് കോടതിയും നിരീക്ഷിച്ചു. മാർച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതിയ്ക്ക് നിർേദശം നൽകി. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണം എന്ന അപേക്ഷയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ജെ.കെ മഹേശ്വരിയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.