Kerala

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രിം കോടതി

മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രിം കോടതി. സുരക്ഷ സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ചക്കകം മേൽനോട്ട സമിതിക്ക് കൈമാറാൻ സുപ്രീം കോടതി തമിഴ്‍നാട് സർക്കാറിന് നിർദേശം നൽകി. റിപ്പോർട്ട് നൽകേണ്ടത് തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ ബാധ്യതയാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

അണക്കെട്ടിന്‍റെ സമീപത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ടസമിതി കണക്കിലെടുക്കണമെന്ന് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും ആയിരുന്നു തമിഴ്‌നാട് കോടതിയെ അറിയിച്ചിരുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ ശേഷിയുണ്ടെന്നും കേന്ദ്ര ജല കമ്മീഷനും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസിമോള്‍ ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.