Kerala

പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തിടുക്കം കാണിക്കുന്നു; പിസിക്ക് പൂർണ പിന്തുണയെന്ന് കെ സുരേന്ദ്രൻ

പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തിടുക്കം കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുജാഹിദ് ബാലുശ്ശേരിയെയും ഫസൽ ഗഫൂറിനെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ തിടുക്കം കാണിക്കുകയാണ്. പിസി ജോർജിന് പൂർണ പിന്തുണ നൽകുകയാണെന്നും സുരേന്ദ്രൻ 24നോട് പ്രതികരിച്ചു.

“പൊലീസ് തിടുക്കം കാണിക്കുകയാണ്. പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണല്ലോ കോടതി പറയുന്നത്. അല്ലാതെ കോടതി സ്വമേധയാ പറയുന്നതല്ലല്ലോ. കോടതിയിൽ എന്തുകൊണ്ടാണ് പൊലീസ് മുജാഹിദ് ബാലുശ്ശേരിയെ അറസ്റ്റ് ചെയ്യാൻ പറയാത്തത്? എന്തുകൊണ്ടാണ് ഫസൽ ഗഫൂറിനെ അറസ്റ്റ് ചെയ്യാൻ പറയാത്തത്? കേരളത്തിൽ ഇതിനു മുൻപ് വിദ്വേഷ പ്രസംഗം നടത്തിയ എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്? ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ പൊലീസ് എന്തുകൊണ്ടാണ് കുട്ടിയുടെ രക്ഷിതാക്കളെ അറസ്റ്റ് ചെയ്യാത്തത്? എന്തുകൊണ്ടാണ് സംഘാടകരെ മുഴുവൻ പിടിച്ച് അകത്തിടാത്തത്? അതുകൊണ്ട് പിസി ജോർജിൻ്റെ കാര്യത്തിൽ ഗവണ്മെൻ്റിൻ്റെ തിടുക്കമാണ്. അത് തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വച്ചുകൊണ്ടുള്ള വർഗീയ പ്രീണന നയമാണ്. അതല്ലാതെ മറിച്ചൊന്നുമല്ല.”- സുരേന്ദ്രൻ പറഞ്ഞു.

“പിസി ജോർജ് നടത്തിയതിനെക്കാൾ ഭീകരമായിട്ടുള്ള പ്രസംഗങ്ങൾ നടത്തിയ ആളുകൾ ഈ സമൂഹത്തിൽ വിലസുകയാണ്. അവർക്ക് ഒരു നീതിയും പിസി ജോർജിനോറ്റ് മറ്റൊരു നീതിയുമാണ് കേരളത്തിൽ. അതാണ് ഇരട്ടനീതിയെന്ന് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പിസി ജോർജിനു മുൻപ് തന്നെ അറസ്റ്റ് ചെയ്യേണ്ട നിരവധി ആളുകൾ കേരളത്തിലുണ്ട്. അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അതാണ് ഞാൻ ചോദിക്കുന്നത്. എഫ് ഐ ആർ ഉണ്ടല്ലോ. കൊച്ചിയിലുണ്ടല്ലോ എഫ് ഐ ആർ, മുജാഹിദ് ബാലുശ്ശേരിക്കെതിരെയും ഫസൽ ഗഫൂറിനെതിരെയും. അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പിസി ജോർജിനെ പിന്തുണയ്ക്കും. ഇവിടെ ഭീകരവാദികൾക്ക് എല്ലാ വിധ ഒത്താശയും മറ്റുള്ളവർക്ക് ജയിലറയും എന്ന ഇരട്ട നീതിയാണ്. അടിച്ചമർത്താൻ വന്നാൽ തീർച്ചയായും പിന്തുണയ്ക്കും.”- സുരേന്ദ്രൻ കൂട്ടിച്ചേർത്തു.