India Kerala

സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയില്‍

സിവില്‍ സപ്ലൈസിനു കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ കുടിശ്ശികയാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം. ഇത് സപ്ലൈകോയുടെ വിഷു വിപണിയേയും പ്രതികൂലമായി ബാധിക്കും.

സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിട വിതരണക്കാരാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.1300ലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള പണം വിതരണക്കാര്ക്ക് നല്‍കിയിട്ടില്ല. 200 കോടി രൂപയോളമാണ് ഇങ്ങനെ കുടിശ്ശികയായിരിക്കുന്നത്.

ചെറിയ ലാഭവിഹിതം മാത്രം നല്‍കുന്ന വന്‍കിട ഉല്‍പ്പാദകരെ സഹായിക്കുന്ന സപ്ലൈകോ ചെറുകിടവിതരണക്കാരെ അവഗണിക്കുകയാണെന്നാണ് പരാതി.പണം ഇനിയും ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ ഔട്ട്‍ലെറ്റുകളിലേക്കുള്ള വിതരണം നിര്‍ത്തി വയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം.സാമ്പത്തിക ബാധ്യതയില്‍ വലയുന്ന സപ്ലൈകോയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇതോടെ വിഷു വിപണയില്‍ കുറഞ്ഞ വിലക്ക് അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്കും പ്രയാസം നേരിടും. പണം ലഭ്യമാകുന്ന മുറക്ക് കുടിശിക കൊടുത്തു തീര്‍ക്കുമെന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കുന്ന വിശദീകരണം.