സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ചില നിബന്ധനകളും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിൽ കടുത്ത നിബന്ധനകളാണ് ഉള്ളത്. അടിയന്തിരാവശ്യങ്ങൾക്ക് മാത്രമേ ഞായറാഴ്ചകളിൽ അനുമതിയുള്ളൂ. (sunday restrictions details explained)
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് തുറന്നുപ്രവർത്തിക്കാം. സർക്കാർ സ്വയംഭരണാധികാര സ്ഥാപനങ്ങൾക്കും അന്ന് പ്രവർത്തിക്കാം. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തിര പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം. ടെലികോം, ഇൻ്റർനെറ്റ് സേവനദാതാക്കൾക്കും തിരിച്ചറിയൽ കാർഡുമായി യാത്ര ചെയ്യാം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിനെടുക്കാൻ പോകുന്നവർ, അടിയന്തിരാവശ്യങ്ങൾക്കായി പോകുന്നവർ എന്നിവർക്കൊക്കെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ബസ്, ട്രെയിൻ, വിമാന സർവീസുകൾക്ക് അനുമതിയുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളോ ടാക്സികളോ ഉപയോഗിക്കാം. തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.
ഭക്ഷണം, പലചരക്ക്, പച്ചക്കറി, പഴവർഗങ്ങൾ, പാൽ, പാൽ ഉത്പന്നങ്ങൾ, കള്ള്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ തുറന്നുപ്രവർത്തിക്കാം. കഴിയുമെങ്കിൽ ഹോം ഡെലിവറി നടത്തണം. റെസ്റ്ററൻ്റുകളും ബേക്കറികളും രാവിലെ 7 മുതൽ രാത്രി 9 വരെ ടേക്ക്-എവേ, ഹോം ഡെലിവറി സേവനങ്ങൾ ഉപയോഗിക്കണം. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് അനുമതി. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയും കൊറിയർ സർവീസിൻ്റെയും ഹോം ഡെലിവറി രാവിലെ 7 മുതൽ രാത്രി 9 വരെ. ഞായറാഴ്ചത്തേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത ടൂർ പരിപാടികൾ. അവർക്ക് യാത്ര ചെയ്യാനും ഹോട്ടലുകളിൽ താമസിക്കാനും അനുമതിയുണ്ട്. വാണിജ്യ, വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ നീക്കുപോക്ക് അനുവദിക്കും. മത്സര പരീക്ഷകളും, പരീക്ഷകളിലേക്കും തിരിച്ചുമുള്ള യാത്രകളും അനുവദിക്കും. പരീക്ഷകളിൽ പങ്കെടുക്കുന്നവരും അതിനായി യാത്ര ചെയ്യുന്നവരും ഹാൾ ടിക്കറ്റോ തിരിച്ചറിയൽ കാർഡോ കയ്യിൽ കരുതണം.
മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ ആംബുലൻസുകൾ എന്നിങ്ങനെ വൈദ്യസഹായവുമായി ബന്ധപ്പെട്ട എല്ലാത്തിനും പ്രവർത്തിക്കാം. ടോൾ ബൂത്തുകൾ, മാധ്യമസ്ഥാപനങ്ങൾ, വാഹനങ്ങൾ റിപ്പയർ ചെയ്യാനുള്ള വർക്ക്‌ഷോപ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ട്.