Kerala

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൌണ്‍

ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൌണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു

സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ തൂണേരി ഗ്രാമപഞ്ചായത്ത്.രോഗികളുടെ എണ്ണം കൂടിയതോടെ അതീവ ജാഗ്രതയിലാണ് നാദാപുരവുംവടകരയും. ഇന്ന് മാത്രം 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചയും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തൂണേരി,നാദാപുരം,ചെക്യാട്,വടകര പ്രദേശങ്ങള്‍ അതീവ ആശങ്കയിലാണ്.കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലും നാദാപുരത്തും ഇന്ന് 43 പേര്‍ കൂടി ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായി. വടകരയില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയ രണ്ട് പേരില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അനുമാനം‍. ഉള്‍ പ്രദേശങ്ങളിലുള്ളവര്‍ കോവിഡ് നിയന്ത്രണം പാലിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നം ഗുരുതരമാക്കാന്‍ കാരണമെന്നാണ് കലക്ടറുടെ നിലപാട്.

കോഴിക്കോട് ജില്ലയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞായാറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കി. കൊയിലാണ്ടി,ചോമ്പാല ഹാര്‍ബറുകളും പൂര്‍ണ്ണമായി അടച്ചു. അതിനിടെ ആന്‍റിജന്‍ ടെസ്റ്റിന്‍ ശ്രവമെടുക്കാന്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.