പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനും ഒന്നാം പ്രതിയുമായ സുമിത് ഗോയല്‍ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കേസിൽ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതെന്നാരോപിച്ചാണ് ഹരജി. മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന് പാലം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതിനാല് ലാണ് വേണ്ടത്ര ടാര്‍ ചെയ്യാതിരുന്നുവെന്നുവെന്നും ഹരജിയിൽ പറയുന്നു.
പൊതുജന സേവകന്‍ ആരോപണ വിധേയനാണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ പൊലീസ് സൂക്ഷ്മപരിശോധനയോ അന്വേഷണമോ നടത്തരുതെന്ന് അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിയിലുണ്ട്. പാലാരിവട്ടം അഴിമതി കേസില്‍ മുന്‍കൂര്‍ അനുമതിയി വാങ്ങിയിട്ടില്ലന്നാണ് ഹരജിക്കാരന്റെ വാദം. പാലം നിര്‍മാണം സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വിജിലന്‍സിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. അതിന് ശേഷം മുന്‍കൂര്‍ അനുമതിയില്ലാതെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
അഴിമതി നിരോധന നിയമത്തില്‍ ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാലം നിര്‍മാണ കരാര്‍ ഇപ്പോളും നിലവിലുണ്ട്. പാലം പണി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തില്‍ ചതിയോ വഞ്ചനയോ ഇല്ല. മൊബലൈസേഷന്‍ അഡ്വാന്‍സ് നല്‍കാന്‍ തീരുമാനിച്ചത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. കേസ് ബുധനാഴ്ച പരിഗണിക്കും. അന്ന് തന്നെയാണ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി വിധി പറയുക.