India Kerala

മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ പൊലീസിന്റെ മാനസിക പീഡനമെന്ന് ആരോപണം

കോട്ടയം പാലായില്‍ മോഷണ കേസില്‍ അറസ്റ്റിലായ യുവാവ് ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. മേലുകാവ് എസ്.ഐക്കെതിരെ ആത്മഹത്യ ചെയ്ത രാജേഷിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. എസ്.ഐ തനിക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തുന്നുവെന്ന് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഒരു മാല മോഷണ കേസില്‍ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനാണ് പാലാ കടനാട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ രാജേഷ് ഇന്നലെ ആത്മഹത്യ ചെയ്യുകയായിരുന്നു. കൂടുതല്‍ കള്ളകേസില്‍ പൊലീസ് തന്നെ കുടുക്കുമെന്ന് ആരോപിച്ച് രാജേഷ് സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു ആത്മഹത്യ. പൊലീസ് പീഡനത്തെ തുടര്‍ന്നാണ് രാജേഷിന്റെ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. മാലമോഷണം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇവര്‍ പറയുന്നു.

അതേസമയം മോഷണസംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണമുതല്‍ പണയം വെച്ചതും മോഷ്ടാക്കള്‍ക്ക് വാഹനം വാടകയ്ക്ക് എടുത്ത് നല്‍കിയതും രാജേഷ് ആണ്.പൊലീസ് മര്‍ദിച്ചുവെന്ന രാജേഷിന്റെ പരാതിയില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മര്‍ദ്ദനം സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പിസി തോമസിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചു.