India Kerala

സുധാകരൻ – ഐസക് പോര് സര്‍ക്കാരിന് തലവേദനയാകുന്നു

മന്ത്രിമാരായ ജി.സുധാകരന്‍റെയും തോമസ് ഐസക്കിന്‍റെയും പോര് സർക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നു. കിഫ്ബിക്കെതിരായ സുധാകരന്‍റെ കടന്നാക്രണമാണ് ഭിന്നതയെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സിപിഎമ്മിനുളളിലെ ഗ്രൂപ്പ് പോരും ഇതോടെ സജീവമായി.

സുധാകരൻ – ഐസക് വിഭാഗങ്ങളുടെ ഗ്രൂപ്പ് പോര് ആലപ്പുഴയിലെ സിപിഎമ്മിനുളളിൽ നേരത്തെ തന്നെ പ്രതിസന്ധി തീർത്തിരുന്നു. ഒരിടവേളക്ക് ശേഷം അരൂർ തെരഞ്ഞെടുപ്പോടെ ഇത് വീണ്ടും കനത്തു. തോൽവിക്ക് കാരണം സുധാകരന്‍റെ പൂതന പരാമർശമാണെന്നായിരുന്നു മറുവിഭാഗത്തിന്‍റെ പ്രചാരണം. ഇതിന് മറുപടിയെന്നോണമാണ് ഐസക്കിനേയും ധനവകുപ്പിനേയും പ്രതിസ്ഥാനത്ത് നിർത്തി കഴിഞ്ഞ ദിവസം ജി.സുധാകൻ രൂക്ഷവിമർശനമുയർത്തിയത്. ആലപ്പുഴയിലെ കുടിവെളള പ്രശ്നം വഷളായതും ഗ്രൂപ്പ് പോരിന്‍റെ തീവ്രത കൂട്ടി.

മന്ത്രിമാർ തമ്മിലുളള തർക്കം സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന വിലയിരുത്തൽ പാർട്ടിക്കുളളിലുണ്ട്. കിഫ്ബിക്കെതിരായ സുധാകരന്‍റെ വിമർശനം പ്രതിപക്ഷത്തിന് കിട്ടിയ രാഷ്ട്രീയ ആയുധമാവുകയും ചെയ്തു. കിഫ്ബിയെ സംബന്ധിച്ച് പ്രതിപക്ഷമുയർത്തിയ ആരോപണങ്ങളാണ് മന്ത്രിസഭയിലെ ഒരംഗം തന്നെ ശരിവെക്കുന്നത്. കിഫ്ബിയിൽ ക്രമക്കേടില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി ആവർത്തിച്ച വാദം. ഇതിനെയാണ് സുധാകരൻ പരസ്യമായി തളളിപ്പറയുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്തു നിലപാടെടുക്കുന്നുവെന്നതും നിർണ്ണായകമാണ്.