തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന. കഴിഞ്ഞദിവസം രാത്രിയായിരുന്നു മന്ത്രിയുടെ സന്ദർശനം. വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റും വീണാ ജോര്‍ജ് പരിശോധിച്ചു. നേരത്തെ ഒക്‌ടോബര്‍ 28നും മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.
അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി എത്തിയത്. വാര്‍ഡ് സന്ദർശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകൾ കിട്ടുന്നില്ലെന്ന് രോഗി പരാതിപ്പെട്ടു.
ഉടന്‍ ഫാര്‍മസിയിലെത്തിയ മന്ത്രി മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് മന്ത്രി നിര്‍ദേശം നല്‍കി.