Kerala

കൊറോണ വൈറസിലെ ജനിതക മാറ്റം: കേരളത്തില്‍ വീണ്ടും പഠനം

കൊറോണ വൈറസിലെ ജനിതക മാറ്റത്തെക്കുറിച്ച് കേരളത്തില്‍ വീണ്ടും പരിശോധന നടത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ പഠനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളിൽ പുറത്തുവരും.

ബ്രിട്ടനില്‍ നിന്നെത്തിയവര്‍ കോവിഡ് ബാധിതരായ എട്ട് കേസുകളാണ് സംസ്ഥാനത്തുള്ളത്. ചികിത്സയിലുള്ളവരുടെ സാംപിളുകള്‍ പൂനെ വൈറോളജി ലാബില്‍ പരിശോധനയിലാണ്. അതിനൊപ്പമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സംഘം ജനിതക മാറ്റത്തെ കുറിച്ച് പഠിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിയ കോവിഡ് രോഗികള്‍ക്ക് അവിടെ കണ്ടെത്തിയ വ്യാപന സാധ്യത കൂടുതലുള്ള വൈറസ് ബാധ ഉണ്ടായിട്ടുണ്ടോ, ആ ശ്രേണിയിലുള്ള വൈറസ് മറ്റുള്ളവരില്‍ പടര്‍ന്നിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും മെഡിക്കല്‍ കോളജ് സംഘം പഠിക്കുന്നത്. ഡി സിക്സ് ഫോര്‍ട്ടീന്‍ ജി (D614G) എന്ന പേരില്‍ വ്യാപനശേഷി കൂടുതലുള്ള വൈറസ് സംസ്ഥാനത്തുണ്ടെന്ന് നേരത്തെ ഈ സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ജനിതക മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പ്രാഥമിക ഘട്ടത്തിലാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക ശ്രേണിയിലുള്ള വൈറസിന് വ്യാപന സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രതയും നിരീക്ഷണവും വേണമെന്നാണ് സംസ്ഥാന വിദഗ്ധ സമിതിയുടെ നിര്‍ദേശം. ബ്രിട്ടനില്‍ നിന്ന് ഡിസംബറില്‍ നാട്ടിലെത്തിയ എല്ലാവരെയും നിരീക്ഷിക്കാനും കോവിഡ് ബാധിതരെ ആശുപത്രികളില്‍ പ്രത്യേക മുറിയില്‍ ചികിത്സ നടത്താനുമാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.