Education Kerala

കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ

സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ സ്‌കൂളിലേക്കയക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറും കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഇതു സ്‌കൂളിലെ അച്ചടക്കത്തിന്റേയും ക്രമീകരണത്തിന്റേയും ഭാഗമായി മാറിയാൽ ആശങ്കയൊന്നുമില്ലാതെ സ്‌കൂൾ പഠനം തുടങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. (students school heath professionals)

സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിന് തന്നെയാണ് സർക്കാർ ഊന്നൽ നൽകുന്നത്. ഏതു തരത്തിലായിരിക്കണം സ്‌കൂൾ പ്രവർത്തിക്കേണ്ടതെന്ന മാർഗരേഖ അടുത്ത മാസം അഞ്ചിന് പ്രസിദ്ധീകരിക്കും. എന്നാൽ സ്‌കൂൾ തുറന്നാൽ കുട്ടികളെ സ്‌കൂളുകളിലേക്കയ്ക്കാൻ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അഞ്ചു വയസിനു മുകളിലുള്ള കുട്ടികളിൽ കൊവിഡിനോടുള്ള പ്രതിരോധശേഷി ഏറ്റവും കൂടുതലായിരിക്കും. കൈ കഴുകൽ, മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കുട്ടികളെ ശീലിപ്പിക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. ഒന്നര വർഷത്തിനിടയിൽ മുടങ്ങിയിട്ടുള്ള പ്രതിരോധ വാക്‌സിനുകൾ സ്‌കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾക്ക് നൽകണം.

ഓരോ ക്ലാസിലുള്ള കുട്ടികൾക്കും പ്രത്യേകം ഇളവുകൾ നൽകി സ്‌കൂൾ ടോയ്‌ലറ്റ് ഉപയോഗിക്കണം. ഒരു മാസ്‌കിനു പകരം ഒന്നിലധികം മാസ്‌കുകൾ രക്ഷിതാക്കൾ നൽകി വിടണം. വീട്ടിൽ ആർക്കെങ്കിലും പനിയുണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുത്. മാത്രമല്ല മറ്റു രോഗങ്ങളുള്ള കുട്ടികൾ ആദ്യ രണ്ടാഴ്ചത്തേക്ക് സ്‌കൂളിൽ പോകാതിരിക്കുന്നതാണ് ഉത്തമം.

കുട്ടികളെ ഇക്കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ അധ്യാപകരെ നിയമിക്കണമെന്നും കുട്ടികളുടെ ആരോഗ്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദ്ദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വിദ്യാലയങ്ങൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയ്യാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകൾ കരുതണം. ഒക്‌ടോബർ 18 മുതൽ കോളേജ് തലത്തിൽ വാക്‌സിനേഷൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുകയാണ്.