Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് പരാതി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ്ങ് നടന്നതായി പരാതി. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവം നടന്നത് ഈ മാസം 15നാണ്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് പറയുന്നത്.

ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ബുധനാഴ്ച കുട്ടികൾ ക്ലാസിൽ നിന്നും ഇരുന്നും ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം അന്വേഷിച്ചപ്പോഴാണ് റാഗ് ചെയ്തതായി കുട്ടികൾ പറഞ്ഞത്. ഉടനെ ഇവർ കുട്ടികളോട് രേഖാമൂലം പരാതി എഴുതിത്തരാൻ പറഞ്ഞു.

കുട്ടികൾ പരാതി നൽകി. അധ്യാപകർക്ക് ഒപ്പം എത്തിയാണ് രണ്ടു ക്ലാസുകളിലെ കുട്ടികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്‌. ഇതു പ്രകാരമാണ് ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചത്. ഓർത്തോ വിഭാഗം ഒന്നാം വർഷ പിജി വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 2 പിജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇവിടെ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയർന്നത്.