കൊച്ചിയില്‍ നിപ സ്ഥിരീകരിച്ച യുവാവ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മെയ് 30ന് ചികിത്സ തേടിയെത്തുമ്പോള്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്. തുടര്‍ന്ന് ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപുറത്തുള്ള യുവാവിന്‍റെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളും വിവരമറിഞ്ഞതില്‍ പിന്നെ ജാഗ്രതയിലാണ്. നിപ സൂചനയെ തുടര്‍ന്ന് ആരോഗ്യ ഡയറക്ടര്‍ ഇന്നലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷനില്‍ കഴിയുന്ന യുവാവിനെ പരിചരിക്കേണ്ടതടക്കമുള്ള നിര്‍ദേശങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.
നിപ രോഗം സ്ഥിരീകരിച്ചാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗികമായി പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേന്നിരുന്നു. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആരോഗ്യ സെക്രട്ടറി അടക്കമുള്ള സംഘം പരിശോധിച്ചു. കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.