India Kerala

മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം

മഞ്ചേശ്വരത്ത് നിന്നും വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയത് ആളുമാറിയെന്ന് സംശയം. ഗള്‍ഫിലുള്ള സഹോദരന്റെ മകനെ തട്ടിക്കൊണ്ട് പോകാനായെത്തിയ സംഘം ആളുമാറി തട്ടിയെടുത്തത് സഹോദരിയുടെ മകനെയെന്നാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ സംശയിക്കുന്നത്. മൂന്ന് ദിവസം പിന്നിട്ടിട്ടും വിദ്യാർഥിയെ കണ്ടെത്താനാവത്തതിൽ കുടുംബം ആശങ്കയിലാണ്.

ഹാരിസിന്‍റെ വിദേശത്തുള്ള മാതൃ സഹോദരന്‍ പണം കൊടുത്താലേ തന്നെ സംഘം വിട്ടയക്കു എന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ കുട്ടി പറയുന്നത്. ഇത് ഹാരിസിനെ കൊണ്ട് തട്ടിക്കൊണ്ട് പോയവര്‍ പറയിപ്പിച്ചതാവാമെന്നും വിദേശത്തുള്ള ഹാരിസിന്‍റെ അമ്മാവന്‍മാര്‍ നടത്തിയ സ്വര്‍ണ – സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തില്‍ നിന്നാണ് തട്ടിക്കൊണ്ട് പോകല്‍ എന്ന നിഗമനത്തിലുമാണ് പൊലീസും ബന്ധുക്കളും. ഹാരിസിന്‍റെ ഗള്‍ഫിലുള്ള അമ്മാവന്‍റെ മകനെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘം ആളുമാറിയാണ് ഹാരിസിനെ തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

ഗള്‍ഫിലുള്ള കുട്ടിയുടെ അമ്മാവന്‍മാരുമായി സ്വര്‍ണ-സാമ്പത്തിക ഇടപാടുള്ളയാളുടെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കര്‍ണാടകയിലേക്ക് കടന്നതായുള്ള നിഗമനത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്‍റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് വോർക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകൻ ഹാരിസിനെ തട്ടിക്കൊണ്ട് പോയത്. നാലാം ദിവസവും മകനെ കണ്ടെത്താനാകാത്തതില്‍ ആശങ്കയിലാണ് വിദ്യാര്‍ഥിയുടെ കുടുംബം.