Kerala

സര്‍ക്കാര്‍ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന വിദ്യാർത്ഥിയുടെ പരാതി; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

എറണാകുളത്ത് SC/ST ഹോസ്റ്റലില്‍ സര്‍ക്കാര്‍ വാഹനം വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ടെന്ന പരാതിയിൽ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വാഹനമിടിപ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ 324ാം വകുപ്പ് പ്രകാരം കേസെടുത്തു. ജില്ലാ പട്ടികജാതി ഓഫീസറുടെ പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പുകള്‍ ചുമത്തി.

പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനമാണ് ഇടിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചത്. അഭിജിത്ത് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറായ സന്ധ്യ. അഭിജിത്തിന്റെ ആരോപണം സന്ധ്യ നിഷേധിച്ചു. പരിശോധനയ്ക്ക് എത്തിയ തങ്ങളെ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്നും കൈയ്യേറ്റം ചെയ്തെന്നുമാണ് ഇവരുടെ പരാതി. തന്റെ വാഹനത്തിന്റെ ഡ്രൈവറെയും കൈയ്യേറ്റം ചെയ്തെന്ന് ഇവർ ആരോപിച്ചു.