Kerala

കൊവിഡ് : തിരുവനന്തപുരം മെഡിക്കൽ കോളജിലും, ആർസിസിയിലും നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആർസിസിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ 50 ശതമാനം ആയി വെട്ടികുറയ്ക്കുകയും ചെയ്തു.

ആർസിസിയിൽ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. അപ്പോയിന്റ്‌മെന്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ രോഗിക്ക് ആശുപത്രിയിൽ പ്രവേശനമുണ്ടാകൂ. ഒരു രോഗിക്കൊപ്പം ഒരാൾക്ക് മാത്രം പ്രവേശനം അനുവദിക്കും. രോഗിയും ഒപ്പം വരുന്നയാളും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

തുടർ പരിശോധന മാത്രമുള്ളവർ സമീപത്തെ ജില്ലാ താലൂക്ക് ആശുപത്രികളെയൊ കാൻസർ ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളെയൊ സമീപിക്കണം. ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാൻ വിർച്വൽ ഒപി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് രോഗിയുടെ ഫോണിൽ ലഭ്യമാക്കും. പെൻഷൻ, ട്രീറ്റ്‌മെന്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ നിന്ന് വാങ്ങണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.