Kerala

കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിശദീകരിച്ചു. പ്രശ്ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാൾ കേരളത്തിലെത്തും.

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ഇതോടൊപ്പം ഇവര്‍ക്ക് പകരം എന്ത് കൊണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കമ്മീഷന്‍ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നല്‍കും.

ചിലയിടങ്ങളില്‍ പോളിംഗ് ഏജന്‍റുമാര്‍ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്‍റുമാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. എല്ലാ ബൂത്തിലും പോളിംഗ് ഏജന്‍റുമാര്‍ നിര്‍ബന്ധമായും ഉണ്ടാകണം. 15730 അധിക ബൂത്തുകള്‍ വേണ്ടി വരും. പ്രധാന ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയില്‍ താല്‍ക്കാലിക ബൂത്തുകള്‍ ക്രമീകരിക്കും. ടീക്കാറാം മീണ ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.