ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നിശബ്ദ വിപ്ലവത്തിന് 1960 കളിൽ കേരളം സാക്ഷിയായി .നിരവധി മലയാളി ഉദ്യോഗാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് കുടിയേറിയത് ആ സമയത്താണ് .അവരുടെ കഥപറയുന്ന സംവിധായക ഷിനി ബെഞ്ചമിൻ ഒരുക്കിയ TRANSLATED LIVES ഇന്ന് റിലീസ് ചെയ്‌തു .
രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്ന് കരകയറുന്ന സമയമായിരുന്നു ജർമ്മനിയുടേത് .1960 കാലം .ആ കാലത്തിലേക്കാണ് നഴ്സിംഗ് പഠിക്കാനും കന്യസ്ത്രീകളാകാനും വേണ്ടി പത്താം ക്ലാസ് പാസ്സായ മലയാളി പെൺകുട്ടികൾ കപ്പലിലൂടെയും വിമാനത്തിലൂടെയും ഇറങ്ങിച്ചെല്ലുന്നത് .ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ പെൺകുടിയേറ്റം .
അപരിചിതമായ ഭാഷയും ,ദേശവും ,ഭക്ഷണവും കുറച്ചൊന്നുമല്ല അവരെ സങ്കടത്തിലാക്കിയത് . യൂറോപ്പിലെ ആദ്യത്തെ മലയാളി കുടിയേറ്റ സമൂഹം -ഡയസ്പോറ -അവരാണ് സ്ഥാപിച്ചത് .അവർ കേരളത്തിലുണ്ടാക്കിയ സാമൂഹിക സാമ്പത്തിക മാറ്റം നാം കണ്ടില്ലന്നു നടിച്ചുകൂടാ .രണ്ടും മൂന്നും ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്ന കാലം ,കുട്ടികളെയും ഭർത്താക്കന്മാരേയും നോക്കേണ്ടി വന്ന കാലം .ഒറ്റക്ക് യാത്രചെയ്യുന്ന ,സ്വന്തം സാമ്പത്തിക ഭദ്രത ഉണ്ടാക്കുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം (പ്രത്യേകിച്ച് ചില ട്രെയ്ഡുകൾക്ക് ) ഏറെ അനുഭവിച്ചവർ കൂടിയാണവർ. കാലം ഏറെ കഴിഞ്ഞിരിക്കുന്നു .നാലാം തലമുറ ആയിരിക്കുന്നു .തിരിഞ്ഞുനോക്കുമ്പോൾ എന്താണവർക്ക് നമ്മോടു പറയാനുള്ളത്..
ജർമ്മനിയിലെ പലപല ഇടങ്ങളിൽ ഒരു മാസത്തോളം താമസിച്ചാണ് സംവിധായിക ഷിനി ബെഞ്ചമിനും ക്യാമറാമാൻ ശിവകുമാറും ഈ പടത്തിന്റെ ചിത്രീകരണം നടത്തിയത് .
‘എന്താണ് നേടിയത് ?‘
‘നാട്ടിൽ കുടുംബത്തെ സഹായിക്കാൻ പറ്റി ‘ഒരാൾ പറഞ്ഞു
‘എന്താണ് നഷ്ടമായത് ?’
‘ഞങ്ങളുടെ ജീവിതം ഞങ്ങൾക്ക് ജീവിക്കാൻ പറ്റിയില്ല ‘മറ്റൊരാൾ പറഞ്ഞു
‘മരിച്ചുകഴിഞ്ഞാൽ പിന്നെ അവിടെ ആയാൽ എന്ത് ഇവിടെ ആയാൽ എന്ത് നമ്മൾ ഒന്നും അറിയുന്നില്ലല്ലോ ‘മൂന്നാമതൊരാൾ പറഞ്ഞു
ശ്രീ ശശിതരൂർ ഈ ഫിലിം ഇന്ന് റിലീസ് ചെയ്തു .ഈ ഫിലിമിന് തിരക്കഥയൊരുക്കിയത് പോൾ സക്കറിയ , പ്രൊഡ്യൂസർ മാത്യു ജോസഫ് ,ജോസ് പുന്നാംപറമ്പിൽ .