Kerala

കാപ്പുമല ഇടിച്ചുനിരത്തിയുള്ള നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ

കാപ്പുമല ഇടിച്ചുനിരത്തിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുവള്ളി നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. അനധികൃതമായി മലയിടിച്ചതിന് സ്ഥലം ഉടമ അബ്ദുല്‍സമദ് കെ.വിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ നഗരസഭ പരാതി നല്‍കിയിട്ടുണ്ട്. മലയിടിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാര്‍ത്ത മീഡിയവണാണ് പുറത്ത് കൊണ്ടുവന്നത്.

മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ മുനിസിപ്പല്‍ എഞ്ചിനീയര്‍ സ്ഥലം പരിശോധിച്ചതിന് ശേഷമാണ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മണ്ണെടുക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ നടപടികളും അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരമാണ് നടപടി. വീട് നിര്‍മിക്കുന്നതിന് നല്‍കിയ പെര്‍മിറ്റും റദ്ദ് ചെയ്തു.

മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനും താമരശ്ശേരി തഹസില്‍ദാര്‍ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും ഇടപെടല്‍ ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയിട്ടുണ്ട്. സ്ഥലമുടമ സര്‍ക്കാര്‍ സ്ഥലം കയ്യേറി ഗേറ്റ് സ്ഥാപിച്ചെന്ന് ആരോപിച്ച് കൌണ്‍സിലര്‍ യു.വി ഷാഹിദിന്‍റെ നേതൃത്വത്തില്‍ ഗേറ്റ് പൊളിച്ച് നീക്കി.