സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ കെ റെയില്‍ സംവാദത്തില്‍. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് അലൈന്‍മെന്റ് മതിയാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ജിപിഎസ് ഉപയോഗിച്ച് പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവാദ വേദിയില്‍ സുബോധ് ജെയിന്‍ വിശദീകരിച്ചു.
വീടുകളില്‍ കയറി കുറ്റിസ്ഥാപിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് വേദിയില്‍ കെ റെയിലിന് അനുകൂലമായി സംസാരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് ചുമതലയുള്ള രഘുചന്ദ്രന്‍ നായരും വ്യക്തമാക്കി. വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കുമിടെ ഇന്നും അതിരടയാള കല്ലുകള്‍ വിവിധയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു വിദഗ്ധരുടെ പ്രതികരണം. വരുംദിവസങ്ങളില്‍ ഇത് പ്രതിപക്ഷം കല്ലിടലിനെ പ്രതിരോധിക്കാനുള്ള ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സില്‍വര്‍ലൈന്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറുമെന്ന് സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിന്‍ പറഞ്ഞു. സില്‍വര്‍ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്നും സുബോധ് ജെയിന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സില്‍വര്‍ലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയില്‍വേ വികസനവുമാണ് വേണ്ടതെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം. റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.