കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് 46 കേന്ദ്രങ്ങളിലാണ് ഇന്ന് ഡ്രൈ റൺ നടക്കുക. വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കിയ ഡിജിറ്റല്‍ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 46 ഇടങ്ങളിലായാണ് ഇന്ന് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാകും മോക് ഡ്രില്‍ പങ്കെടുക്കുക.
ആദ്യ ഡ്രൈ റണിലേത് പോലെ കുത്തിവെപ്പ് വരെയുള്ള നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയാണ് മോക് ഡ്രിലിന്‍റെ ലക്ഷ്യം. കൊവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. എന്‍സിഡിസി മേധാവി ഡോ. എസ്.കെ സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആരോഗ്യവകുപ്പ് എടുത്ത നടപടികളും അതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നതും സംഘം പരിശോധിക്കും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സംഘം സന്ദര്‍ശനം നടത്തുക. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്ന സംഘം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.